ബാർ ലൈസൻസുകൾ പുതുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന കെ.പി.സി.സി-സർക്കാർ ഏകോപന സമിതി യോഗത്തിൽ തര്‍ക്കം. നിലവാരമുള്ള ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍റെ അഭിപ്രായത്തെ എതിര്‍ത്ത് കൊണ്ട് നിലവാരമുയര്‍ത്താന്‍ സമയം നല്‍കി താല്‍ക്കാലികമായി തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകിയതിനെ തുടര്‍ന്ന് യോഗം തൽക്കാലത്തേക്ക് പിരിച്ചു വിടുകയായിരുന്നു.
നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച ചർച്ചയിലാണ് സുധീരൻ കുറഞ്ഞത് ടൂ സ്റ്റാർ പദവിയെങ്കിലും ഉള്ള ബാറുകൾക്ക് ലൈസൻസ് നൽകിയാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഇളവുകളോടെ എല്ലാവർക്കും ബാർ ലൈസൻസ് പുതുക്കി നൽകണമെന്നും ബാറുകൾക്ക് നിലവാരം ഉയർത്താൻ ഒരു വർഷത്തെ സമയം നൽകണമെന്നും ഉമ്മൻചാണ്ടി നിര്‍ദേശിച്ചു.