തളിപ്പറമ്പില്‍ ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം മുറുകുന്നു

Mon, 14-04-2014 02:21:00 PM ;
കണ്ണൂര്‍

Taliparambuമുസ്ലിം ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ തളിപ്പറമ്പില്‍ ഇരു വിഭാഗക്കാരുടെയും കടകള്‍ തീയിട്ട് നശിപ്പിച്ചു. നഗരസഭാ പരിധിയില്‍ നിരോധനാജ്ഞ തുടരുന്നതിനിടെയാണ് അക്രമം. ഞായറാഴ്ച രാത്രി ഹോട്ടലും എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ റെഡിമെയ്ഡ് വസ്ത്രക്കടയും അടിച്ചു തകര്‍ത്തു. ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

 

ഞായറാഴ്ച പുലര്‍ച്ചയാണ് തളിപ്പറമ്പിലെ ലീഗ് ഓഫീസ് അടിച്ചുതകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഓഫീസ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ ലീഗ്‌ നടത്തിയ പ്രകടനത്തില്‍ കടകള്‍ക്കു നേരെ വ്യാപകമായ ആക്രമണം ഉണ്ടായി. ഇതേതുടര്‍ന്ന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തളിപ്പറമ്പ് നഗരസഭയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. പ്രകടനം, പൊതുയോഗം, ഘോഷയാത്ര എന്നിവയും നിരോധിച്ചിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

 

സി.പി.ഐ.എമ്മിന്റെ അറിവോടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. ഏതാനും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് അക്രമത്തിനിടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പോളിംഗ് ദിനത്തില്‍ എസ്.ഡി.പി.ഐ ഓഫീസ്‌ തകര്‍ക്കപ്പെട്ടതിന് ശേഷം മേഖലയില്‍ ലീഗ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.

Tags: