ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മുഖ്യമന്ത്രി പറഞ്ഞതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് സുധീരന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഭൂമിയിടപാട് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സി.ബി.ഐ അന്വേഷിക്കട്ടേ എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്‌ച പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളെ നിയമപരമായാണു കാണുന്നതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി പ്രസ്‌താവന നടത്തിയതെന്നും കോടതി പരാമര്‍ശങ്ങളുടെ പേരില്‍ താന്‍ രാജിവയ്‌ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിശ്വാസ്യതയില്ലാത്ത പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ തട്ടിപ്പില്‍ സലിം രാജിന്റെയും ബന്ധു അബ്ദുള്‍ മജീദിന്റെയും പങ്ക് വ്യക്തമായിരുന്നു. ഇരുവരും വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുകയാണെന്ന് ആയിരുന്നു ആരോപണം. കേസിലെ ഉന്നതല ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും വ്യക്തമാണെന്നും എന്നാല്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതി അറിയിക്കുകയുണ്ടായി.