Skip to main content
തിരുവനന്തപുരം

vs achuthanandanകൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.പി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് വി.എസ് അടക്കമുള്ള ഇടത് നേതാക്കന്മാര്‍ രംഗത്ത്. പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആര്‍.എസ്.പിയോട് ആവശ്യപ്പെട്ടു.

 

ആര്‍.എസ്.പി വികാരങ്ങള്‍ക്ക് അടിമപ്പെടരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആര്‍.എസ്.പി ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്തില്ളെന്ന് വിശ്വസിക്കുന്നുവെന്നും  അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കണമെന്നും  പിണറായി ആര്‍.എസ്.പിയോട് അഭ്യര്‍ത്ഥിച്ചു.

 

ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയുടെ ചട്ടക്കൂടിനുള്ളില്‍ തീര്‍ക്കുക എന്നതാണ് എല്ലാ കാലത്തേയും ശൈലി. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരു പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ അതിനു ഏറെക്കുറെ ഇക്കാലമത്രയും വലിയ സംഭാവന നല്കുന്ന ആര്‍.എസ്.പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ല എന്നാണു കരുതുന്നത് പിണറായി വ്യക്തമാക്കി.

 

ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആര്‍എസ്പി തീരുമാനം പുന:പരിശോധിക്കണമെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. തീരുമാനം തെറ്റിദ്ധാരണ മൂലമാണ്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.