ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള ആര്‍.എസ്.പിയുടെ നിലപാട് പുനപരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്തന്‍. കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ആര്‍.എസ്.പിയോട് വി.എസ് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു . പ്രശ്നത്തില്‍ ഇടപെടണമെന്ന് പ്രകാശ് കാരാട്ടിനോടും വി.എസ് ആവശ്യപ്പെട്ടു. അതേ സമയം ഇടത് മുന്നണി വിട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആര്‍.എസ്.പിയോട് കെ.പി.സി.സി. അധ്യക്ഷന്‍ വി. എം സുധീരന്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നു ചേര്‍ന്ന ആര്‍.എസ്.പിയുടെ സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് കൊല്ലത്ത് ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനം ഉണ്ടായത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫുമായി ഉഭയയകക്ഷി ചര്‍ച്ച നടത്തേണ്ടെന്നും സെക്രട്ടറിയറ്റില്‍ തീരുമാനിച്ചു. കൊല്ലം സീറ്റ് തരാമെന്ന ഉറപ്പുതന്നാല്‍ മാത്രം ചര്‍ച്ചയ്‌ക്ക് തയ്യാറായാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
എല്‍.ഡി.എഫ് വിടുന്ന കാര്യം യോഗത്തില്‍ തീരുമാനമായിട്ടില്ല. സംസ്‌ഥാന സെക്രട്ടറിയേറ്റിലെടുത്ത തീരുമാനം ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് നടക്കുന്ന സംസ്‌ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഇതിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. സി.പി.ഐ.എം പിടിച്ചെടുത്ത കൊല്ലം സീറ്റ് തിരികെ വേണമെന്ന് ആര്‍.എസ്.പി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയൊന്നും നടത്താതെ തന്നെ എം.എ ബേബിയെ കൊല്ലത്ത് സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.പി ശക്‌തമായ നടപടിയെടുത്തത്.