ആർ.എസ്.പി കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കും

Sat, 08-03-2014 06:02:00 PM ;
തിരുവനന്തപുരം

n. premachandranലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സീറ്റ് വിട്ടുനൽകാൻ സി.പി.ഐ.എം തയ്യാറാകാത്തതിനെ തുടർന്ന് കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ ആർ.എസ്.പി തീരുമാനിച്ചു. പാർട്ടി ദേശീയസമിതി അംഗം എൻ.കെ.പ്രേമചന്ദ്രനാകും സ്ഥാനാർത്ഥി. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

ആര്‍.എസ്‌.പിയുടെ നിലപാട് പുനപരിശോധിക്കണമെന്നും കടുത്ത നിലപാടിലേക്ക് പോകരുതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്തന്‍ ആര്‍.എസ്‌.പിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഇടത് മുന്നണി വിട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആര്‍.എസ്‌.പിയോട് കെ.പി.സി.സി. അധ്യക്ഷന്‍ വി. എം സുധീരന്‍ അറിയിച്ചു.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇന്നു ചേര്‍ന്ന ആര്‍.എസ്‌.പിയുടെ സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനം ആദ്യം ഉണ്ടായത്. ചര്‍ച്ചയൊന്നും നടത്താതെ തന്നെ എം.എ ബേബിയെ കൊല്ലത്ത്‌ സ്‌ഥാനാര്‍ത്ഥിയായി സി.പി.ഐ.എം പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ആര്‍.എസ്‌.പി ശക്‌തമായ നടപടിയെടുത്തത്‌. സി.പി.ഐ.എമ്മുമായി ഇനി ഉഭയകക്ഷി ചർച്ചകൾ വേണ്ടെന്നും യോഗത്തിൽ തീരുമാനമായി.

Tags: