Skip to main content

western ghatsകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനം നിയമ സെക്രട്ടറിക്ക് കൈമാറിയെന്നു ചെന്നിത്തല. നാളെ ഉച്ചക്ക് മുന്‍പ് ഇത് പുറത്തിറങ്ങും. കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയതായി രമേഷ് ചെന്നിത്തല അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടു വിജ്ഞാപനം പുറത്തിറക്കുന്നതിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

 

വിജ്ഞാപനത്തിന്റെ നടപടി ക്രമങ്ങള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പെ നടത്തിയതിനാല്‍ കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുടെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നുകഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനു തീരുമാനം നടപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണം.

 

കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചതായി പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ നിരാഹാരം പിന്‍വലിക്കൂ എന്ന് ഹൈറേഞ്ച് സംരക്ഷണസമിതി പ്രതികരിച്ചു. നവംബര്‍ 13-ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യമെന്ന് ഫാ. എബ്രഹാം കാവില്‍ പുരയിടത്തില്‍ പറഞ്ഞു.