കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന്‍ (ശനിയാഴ്ച) എല്‍.ഡി.എഫ് പകല്‍ ഹര്‍ത്താല്‍ ആചരിക്കും. കോട്ടയം, മലപ്പുറം ജില്ലകളുടെ മലയോര മേഖലകളിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച നവംബറിലെ വിജ്ഞാപനം പിന്‍വലിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ ആവശ്യപ്പെട്ടു. പുതിയ ഓഫീസ് മെമ്മോറാണ്ടം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും പിണറായി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇന്നലെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, കേരളത്തിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം സൂചിപ്പിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കേന്ദ്രം സൂചന നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ ആവശ്യമുയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കേന്ദ്രത്തില്‍ നിന്ന്‍ പുതിയ വിജ്ഞാപനം സ്വീകാര്യമല്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കുകയുമാണ് വേണ്ടതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു.