കയര്‍- പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ശനിയാഴ്ച ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടക്കമാകും. വൈകിട്ട് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ദേശീയ, അന്തര്‍ദേശീയ പവലിയനുകള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കയര്‍, റവന്യു വകുപ്പു മന്ത്രി ശ്രീ അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും.
ചികിരിനാരിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ആവശ്യത്തിന് ചകിരിനാര് ശേഖരിച്ചു വിതരണം ചെയ്യാന്‍ കയര്‍ഫെഡിന് അഞ്ചുകോടി രൂപ നല്‍കിയതായി കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് മേളയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 2.5 കോടി രൂപയും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് ചകിരിനാര് കിട്ടാത്തതാണ് പലയിടത്തും കയര്‍ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്നം. നിലവില്‍ കിലോഗ്രാമിന് 28 രൂപയ്ക്ക് ചകിരിനാര് സംഭരിച്ച് 20 രൂപയ്ക്കാണ് സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ 15,000-ല്‍പരം ക്വിന്റല്‍ ചികിരിനാര് വിതരണം ചെയ്തു കഴിഞ്ഞു. ഈ പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് അഞ്ചുകോടി രൂപകൂടി നല്‍കിയതെതെന്ന് മന്ത്രി വ്യക്തമാക്കി.
അലപ്പുഴ പട്ടണത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കയര്‍ മെഷീന്‍ ഫാക്ടറിക്ക് കമ്പനീസ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ ലഭിച്ചതായും മന്ത്രി അറിയിച്ചു. ഫാക്ടറിയുടെ പ്രവര്‍ത്തനം ഫെബ്രുവരി മാസത്തില്‍ തന്നെ തുടങ്ങാനാണ് ശ്രമം. നാഷണല്‍ കയര്‍ റിസര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത ആധുനിക തൊണ്ടുതല്ലല്‍ യന്ത്രത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പാദനമാണ് ഈ ഫാക്ടറിയില്‍ നടത്തുക. അതോടൊപ്പം പുതുതായി വികസിപ്പിച്ചെടുത്ത ന്യുമാറ്റിക് ലൂം പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുതല്‍ അഞ്ചാം തിയതി വരെ നീളുന്ന കയര്‍ കേരള രാജ്യാന്തര പ്രദര്‍ശന വിപണന മേളയില്‍ ഇത്തവണ കേരളത്തിനു വെളിയില്‍ നിന്ന് 18 പുതിയ സ്റ്റാളുകള്‍ കൂടിയുണ്ടാകും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെക്‌സിക്കോ, യെമന്‍, ബാഴ്‌സലോണ തുടങ്ങി 17 രാജ്യങ്ങളുടെകൂടി പങ്കാളിത്തം ഇത്തവണ ഉണ്ടാകും. 46 രാജ്യങ്ങളില്‍ നിന്നായി 160 പ്രതിനിധികള്‍ പങ്കെടുക്കുന്ന കയര്‍മേളയിലൂടെ 150 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് കയര്‍ കേരള സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി രണ്ട് ഞായറാഴ്ച രാജ്യാന്തര സെമിനാറുകള്‍ക്ക് തുടക്കമാകും. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് സഹമന്ത്രി കെ.എച്ച് മുനിയപ്പ ആണ് ഉദ്ഘാടകന്‍. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച ബയര്‍ സെല്ലര്‍ മീറ്റ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അവസാന ദിവസമായ ഫെബ്രുവരി അഞ്ചിന് കയര്‍ മേഖലയിലെ തൊഴിലാളികളുമായി മന്ത്രി അടൂര്‍ പ്രകാശ് നേരിട്ട് ആശയവിനിമയം നടത്തും. വൈകിട്ട് നാലിന് സമാപനസമ്മേളനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.
എല്ലാദിവസങ്ങളിലും വിവിധ കലാസാംസ്കാരിക പരിപാടികളും കയര്‍ കേരളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. രാജ്യാന്തര പവലിയിന്‍, ദേശീയ പവലിയന്‍ എന്നിങ്ങനെ രണ്ടു പവലിയനുകളാണ് മേളയിലുണ്ടാകുക. രാജ്യാന്തര പവലിയനില്‍ 90 സ്റ്റാളുകളും ദേശീയ പവലിയനില്‍ 130 സ്റ്റാളുകളും ഉണ്ടാകും. ശനിയാഴ്ച വൈകിട്ടു മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാം. ദേശീയ പവലിയനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.