സൂര്യനെല്ലി: പി.ജെ കുര്യന് അനുകൂലമായ വിധി ഹൈക്കോടതി റദ്ദാക്കി

Thu, 05-12-2013 03:29:00 PM ;
കൊച്ചി

pj kurienകോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെ സൂര്യനെല്ലി കേസില്‍ പ്രതിസ്ഥാനത്ത് നിന്ന്‍ നീക്കിയ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ കീഴ്ക്കോടതി ചട്ടം പാലിച്ചില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇരയായ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കണമായിരുന്നുവെന്ന് പരാമര്‍ശിച്ചു. കുര്യനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് കൈമാറിയിട്ടുണ്ട്.

 

കേസിലെ മുഖ്യപ്രതി ധര്‍മരാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പരിഗണിച്ച് കേസില്‍ തുടരന്വേഷണം നടത്തണം, പി.ജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം, കുര്യനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

 

കുര്യനെതിരായ പെണ്‍കുട്ടിയുടെ ഹര്‍ജി പരിഗണിക്കാതിരുന്ന സെഷന്‍സ് കോടതിയുടെ നടപടിയാണ് ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. ഇത് വാദിയുടെ മൌലികാവകാശമാണെന്നും ഈ ആവശ്യം ഉന്നയിച്ച് പെണ്‍കുട്ടി സുപ്രീം കോടതി വരെ പോയി മടങ്ങിയെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഹൈക്കോടതി 2006-ലാണ് പി.ജെ കുര്യനെ കേസില്‍ നിന്ന് ഒഴിവാക്കിയത്. തൊടുപുഴ ജില്ലാ കോടതി കുര്യന് എതിരെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി. തന്റെ വാദം കേള്‍ക്കാതെ പുറപ്പെടുവിച്ച ഈ വിധിയെയാണ് പെണ്‍കുട്ടി ചോദ്യം ചെയ്തത്. ഈ പുന:പരിശോധനാ ഹര്‍ജിയുടെ  നിയമസാധുത പരിഗണിച്ച് ഉത്തരവിറക്കാനാണ് കേസ് ഡിവിഷന്‍ ബഞ്ചിന് വിട്ടിരിക്കുന്നത്.

 

കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്ന പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി റദ്ദാക്കി കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് കുര്യനെ കേസില്‍ നിന്നൊഴിവാക്കിയ വിധി പെണ്‍കുട്ടി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. 

Tags: