നടി കോഴിക്കോട് വിലാസിനി അന്തരിച്ചു

Thu, 28-11-2013 03:58:00 PM ;
കോഴിക്കോട്

പ്രശസ്ത നാടക, സിനിമാ നടി കോഴിക്കോട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അഞ്ഞൂറോളം നാടകങ്ങളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പതിനഞ്ചാം  വയസ്സില്‍ കെ.ടിയുടെ കളിത്തോക്ക് എന്ന പ്രശസ്തമായ നാടകത്തില്‍ പുരുഷവേഷം ചെയ്തുകൊണ്ടാണ് അരങ്ങിലെത്തിയത്. 500 നാടകങ്ങളിലും 200 സിനിമകളിലും കോഴിക്കോട് വിലാസിനി വേഷമിട്ടു. പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഒരു പിടി മണ്ണായിരുന്നു ആദ്യ സിനിമ.

 

ഐ.വി ശശിയുടെ അനുബന്ധം, ആവനാഴി, അങ്ങാടിക്കപ്പുറം, നാല്‍ക്കവല, അഹിംസ, ഒരേ തൂവല്‍പക്ഷികള്‍, പടിപ്പുര തുടങ്ങിയ സിനിമകളിലെല്ലാം വേഷമിട്ടു. സംഗീത നാടക അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1996-ല്‍ സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു.

 

നീണ്ട ഇടവേളകള്‍ക്ക് ശേഷം പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് മടങ്ങി വന്ന വിലാസിനി ഇന്ത്യന്‍ റുപ്പി, സെല്ലുലോയ്ഡ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അസുഖം ബാധിച്ചതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ഇവരെ ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിയില്‍ വരെ കൊണ്ടെത്തിച്ചു. 

Tags: