ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിന്റെ സാമ്പത്തിക സ്രോതസ്സെന്താണെന്ന് ഹൈക്കോടതി. സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്നും കോടതി ചോദിച്ചു. ഭൂമി ഇടപാടില്‍ സലിം രാജിന് പങ്കുണ്ടെങ്കില്‍ ആരാണ് പണം നല്‍കുന്നതെന്നും കോടതി ചോദിച്ചു. വ്യാജ രേഖകളുണ്ടാക്കി ഭൂമി വാങ്ങുകയും പിന്നീട് അവിടെ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയുമാണ് ഇയാളുടെയും സംഘത്തിന്റെയും ശൈലിയെന്നും കോടതി ചൂണ്ടിക്കാട്ടി.
സലിംരാജുള്‍പ്പെട്ട ഭൂമി ഇടപാട് 300 കോടിയോളം വരുന്നതാണ്. എന്നാല്‍ ഈ കേസില്‍ പെട്ടിട്ടുള്ളവര്‍ സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്നവരാണ്. സലിം രാജ് നടത്തിയ ഭൂമി തട്ടിപ്പിന് ഭാര്യയുടെ പിന്തുണണ്ടായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
അതേസമയം സലിം രാജിന്റെ ഭാര്യ ഷംസാദിനെ ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫീസിലേക്ക് സ്ഥലം മാറ്റിയത് അവരുടെ അപേക്ഷ പ്രകാരമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ഷംസാദ് സ്വാധീനം ചെലുത്തിയെന്ന വാദം ശരിവെക്കുന്ന രേഖകള്‍ പരാതിക്കാരനായ നാസര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിയമനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്.
സലിം രാജിനെതിരായ കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.