Skip to main content
തിരുവനന്തപുരം

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പൊതുചിലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. 30000 താത്കാലിക തസ്തികകള്‍ തുടരണമോ എന്ന് പരിശോധിക്കാന്‍ ധനവിനിയോഗ വിഭാഗം സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനും തീരുമാനമായി.

 

ഭൂമിയുടെ ന്യായവില ഉയര്‍ത്തിയും വിവിധ ഫീസുകള്‍ വര്‍ധിപ്പിച്ചും നികുതി പിരിവ് ശക്തിപ്പെടുത്തിയും വരുമാനം വര്‍ധിപ്പിക്കും. മന്ത്രിമാരുടേതടക്കമുള്ള വിദേശ യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയായിരിക്കും പദ്ധതിയേതര ചെലവ് വെട്ടിച്ചുരുക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാര്‍ഷിക പദ്ധതി വെട്ടിക്കുറക്കില്ല. എന്നാല്‍ ഏറ്റവും മികച്ച രീതിയില്‍ അത് ചെലവിടാന്‍ നടപടിയെടുക്കും.

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനും നിയന്ത്രണം കൊണ്ടുവരും.  വരുമാനത്തേക്കാള്‍ സംസ്ഥാനത്തിന്റെ ചെലവ് ഉയര്‍ന്നതാണ് ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമെന്ന് ധനമന്ത്രി കെ.എം മാണി വ്യക്തമാക്കി. സംസ്ഥാനം നികുതി പിരിവില്‍ മുന്നിലാണെന്ന് മാണി പറഞ്ഞു. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 12 ശതമാനവും കേരളത്തിന്റേത് 14.4 ശതമാനവുമാണ്. തമിഴ്‌നാട്ടില്‍ ഇത് 7.2 ശതമാനവും കര്‍ണാടകത്തില്‍ 13.9 ശതമാനവുമാണ്. നികുതി പിരിവ് ഊര്‍ജിതമാക്കിയതിനാലാണ് വളര്‍ച്ച കൈവരിക്കാനായാതെന്നും മാണി പറഞ്ഞു.

 

ബജറ്റ് വിഹിതത്തിന് അധികമായി ക്ഷേമബോര്‍ഡുകള്‍ക്ക് 26 കോടിയും വിപണി ഇടപെടലിന് 86 കോടിയും കെ.എസ്.ആര്‍.ടി.സിക്ക് 25 കോടിയും സ്‌കൂള്‍ യൂണിഫോമിന് 25 കോടിയും അനുവദിച്ചതടക്കം 1180 കോടി കൂടുതല്‍ ചെലവഴിച്ചെന്ന് അദ്ദേഹം പറഞ്ഞു.

Tags