Skip to main content
തിരുവനന്തപുരം

അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ നേരിട്ടിടപെടുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്  സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചു.

 

ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി ആറുമാസത്തിനകം തിരിച്ചുനൽകണമെന്നും മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

 

പോഷകാഹാരപ്രശ്നം നേരിടുന്ന കുട്ടികള്‍ക്ക് അടിയന്തരമായി ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്നും ഇതിനായി കോട്ടത്തറ ആദിവാസി ആശുപത്രിയില്‍ പ്രത്യേക വിഭാഗം സജ്ജമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അഗളി, ഷോളയൂര്‍, പുതൂര്‍ എന്നിവിടങ്ങളിലെ ഊരുകളില്‍ ആരോഗ്യപ്രവര്‍ത്തകരും അങ്കണവാടി പ്രതിനിധികളുമടങ്ങുന്ന സംഘം ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശനം നടത്തണം.

 

ആദിവാസിക്കോളനികളില്‍ പോഷകാഹാരം ലഭ്യമാക്കാനുള്ള ഹ്രസ്വപദ്ധതികളും നടപ്പാക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഊരുകളില്‍ സാമൂഹിക അടുക്കളകള്‍ നിര്‍മിക്കണം. പ്രാദേശിക സാഹചര്യം കണക്കിലെടുത്തുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത,  കൃഷിചെയ്യാനുള്ള വിത്തുകളുടെ വിതരണവും ജലസേചന സൗകര്യവും, വിള ഇന്‍ഷുറന്‍സ് എന്നിവയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും  റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.



ഭൂമി വിതരണത്തിനായി ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് മൂന്നുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും നഷ്ടപ്പെട്ട ഭൂമി ആറുമാസത്തിനുള്ളില്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഉച്ചഭക്ഷണ പദ്ധതി കര്‍ശനമായി നടപ്പാക്കുക, 900 ഗര്‍ഭിണികളുടെയും ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെയും പട്ടിക ഉണ്ടാക്കുക, കള്ളവാറ്റ് തടയാന്‍ നടപടി സ്വീകരിക്കുക, എല്ലാ ആദിവാസി ഊരുകളിലും അംഗനവാടി കേന്ദ്രങ്ങളിലും കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

 

അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ ടി.കെ.എ. നായര്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്  തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ സംസ്ഥാനത്തിന് അയച്ചിരിക്കുന്നത്.