മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്. ഹൈക്കമാന്‍ഡുമായി ഞായറാഴ്ച നടത്തുന്ന ചര്‍ച്ചയുടെ ഫലമായി നിര്‍ണായക തീരുമാനങ്ങള്‍ മന്ത്രിസഭാ പുന:സംഘടനയുടെ കാര്യത്തിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിലും ഉണ്ടാവും എന്നാണു സൂചന.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാകക്ഷി നേതാക്കളുടെയും പി.സി.സി അധ്യക്ഷന്മാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വെള്ളിയാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച ഡല്‍ഹിയിലെത്തും.
അതേസമയം തന്റെ മന്ത്രിസഭാപ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. തനിക്കു മന്ത്രിസഭയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് ചെന്നിത്തല എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഡെല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തിയെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയ ശേഷം സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം ചെന്നിത്തല മന്ത്രിസഭയില്‍ വരണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. എന്നാല്‍ കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അദ്ധേഹത്തിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുമെന്നാണ് ഐഗ്രൂപ്പ് കരുതുന്നത്.