Skip to main content

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാറാത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലേക്ക് ബി.ജെ.പി ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. നിരോധന ഉത്തരവ് ലംഘിച്ച് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

 

മാര്‍ച്ച് തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ നാറാത്ത് മേയ് 13 വരെ പ്രകടനങ്ങളും മറ്റും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടന സ്ഥലത്ത് നിന്ന് വിട്ടുനിന്നു.  

 

ഏപ്രില്‍ 23ന് തണല്‍ ട്രസ്റ്റ് ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാടന്‍ ബോംബുകളും വടിവാളുകളും വെടിമരുന്നും അടങ്ങുന്ന ആയുധശേഖരം പിടിച്ചിരുന്നു. ഓഫീസ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമാണെന്നാണ് പോലീസ് സംശയിക്കുന്നത്. 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.