തിരുവനന്തപുരം: സി.പി.ഐ.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി മണക്കാട് നടത്തിയ പ്രസംഗത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. പ്രസംഗത്തിന്റെ സി.ഡി. പരിശോധിച്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് ശബ്ദം മണിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ശബ്ദവും ചുണ്ടുകളുടെ ചലനവും താരതമ്യപ്പെടുത്തുന്ന ലിപ് മൂവ്‌മെന്റ് പരിശോധനയാണ് നടത്തിയത്.
ഇടുക്കിയില്‍ എതിരാളികളെ പാര്‍ട്ടി പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മണി 2012 മെയ് 25ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. എണ്‍പതുകളില്‍ കൊല ചെയ്യപ്പെട്ട മൂന്നു പേരുടെ പേരും മണി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തൊടുപുഴ പോലീസ് മണിക്കെതിരെ കേസെടുത്തു.
കേസില്‍ കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നാണ് സൂചന. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കൊലപാതക കേസുകളിലെ തുടരന്വേഷണത്തിനെതിരെ മണി നല്‍കിയ ഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളി.