ചെന്നൈ: നിരോധനാജ്ഞ ലംഘിച്ച് ജനകീയ ആണവ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകര്‍ കൂടംകുളം ആണവനിലയം കടല്‍ വഴി ഉപരോധിച്ചു. ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രക്ഷോഭകര്‍ സമരത്തില്‍ പങ്കുചേര്‍ന്നത്. നിലയം ഉപേക്ഷിക്കുക, പാരമ്പര്യേതര ഊര്‍ജ പാര്‍ക്ക് തുടങ്ങുക, സുരക്ഷ സംബന്ധിച്ച പൊതുരേഖ കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
4000 പോലീസുകാരടങ്ങുന്ന സംഘം കര വളഞ്ഞപ്പോളാണ് തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ ബോട്ടിലും വള്ളങ്ങളിലുമായി നിലയത്തിന് ചുറ്റും കടലില്‍ ഉപരോധം തീര്‍ത്തത്. ആണവ വിരുദ്ധ ജനകീയ സമിതി നേതാവ് പുഷ്പരായന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
കന്യാകുമാരി ജില്ലയിലുള്ളവര്‍ വിവേകാനന്ദപ്പാറയും തൂത്തുക്കുടി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ തൂത്തുക്കുടി തുറമുഖവും ഉപരോധിക്കുകയാണ്. സമരം നേരിടുന്നതിന്റെ ഭാഗമായി കൂടംകുളം ആണവനിലയത്തിന്റെഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ ഏപ്രില്‍ ഒമ്പതിന് വൈകീട്ട് ആറു വരെ തിരുനെല്‍വേലി ജില്ലാ കലക്ടര്‍ സമയമൂര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ കടലിലും ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു.