സബ്സിഡികള്‍ കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ

Wed, 27-02-2013 05:00:00 PM ;

ന്യൂഡല്‍ഹി: സബ്സിഡികളിന്‍ മേലുള്ള ചിലവ് നിയന്ത്രിക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും സാമ്പത്തിക സര്‍വെയില്‍ ശുപാര്‍ശ. 2013-14 വര്‍ഷത്തില്‍ 6.1-നും 6.7-നും ഇടയ്ക്കു സാമ്പത്തിക വളര്‍ച്ചയും സര്‍വേ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമ്പദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്തുന്ന സര്‍വേ ബജറ്റിനു മുന്നോടിയായി ധനമന്ത്രി പി. ചിദംബരം ബുധനാഴ്ച പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

2012-13 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 5 ശതമാനം മാത്രമായിരിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. എല്ലാ മേഖലകളെയും തളര്‍ച്ച ബാധിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2011-12-ല്‍ ഇത് 6.2-ഉം അതിനു മുന്‍ വര്ഷം 9.3-ഉം ആയിരുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥ ഉണര്‍വ്വിലേക്ക് നീങ്ങുകയാണെന്ന് ചിദംബരം പറഞ്ഞു. പണപ്പെരുപ്പം അടുത്ത മാസത്തോടെ 6.2-6.7 ശതമാനത്തിലേക്ക് കുറയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കറന്റ് അക്കൌണ്ട് കമ്മി കുറക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയതായി സര്‍വേയില്‍ പറയുന്നു.

ഡീസലിന്റെ വില ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ അനുവാദം നല്കിയതും എല്‍.പി.ജി. സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി നിജപ്പെടുത്തിയതും സബ്സിഡികള്‍ നിയന്ത്രിക്കുന്നതിന്റെ തുടക്കമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. നേരിട്ട് പണം നല്‍കല്‍ പദ്ധതിയും ഈ ദിശയിലുള്ള ചുവടുവെപ്പാണ്‌. വളം-ഭക്ഷ്യ സബ്സിഡികള്‍ നിയന്ത്രിക്കാനാവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതായി സര്‍വേ പറയുന്നു.

Tags: