Skip to main content

ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിനെ തുടര്‍ന്ന് ദ്രാവിഡ മുന്നേറ്റ കഴക (ഡി.എം.കെ.) ത്തിന്റെ അഞ്ചു മന്ത്രിമാര്‍ രാജിവച്ചു. ബുധനാഴ്ച ഉച്ചക്കാണ് പ്രധാനമന്ത്രിയെ കണ്ട് സഹമന്ത്രിമാരായ  എസ്.എസ്. പളനിമാണിക്യം, എസ്. ജഗത് രക്ഷകന്‍, എസ്. ഗാന്ധി സെല്‍വന്‍ എന്നിവര്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ ക്യാബിനറ്റ് പദവിയുള്ള എം.കെ. അഴഗിരിയും സഹമന്ത്രി ഡി. നെപ്പോളിയനും രാജി വെക്കാന്‍ വൈകിയത് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം പുറത്ത് കൊണ്ടുവന്നു. ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് മന്ത്രിസഭ വിടാന്‍ ഡി.എം.കെ. തീരുമാനിച്ചത്.

 

ചൊവ്വാഴ്ച വൈകുന്നേരം പാര്‍ട്ടി നേതാവ് എം. കരുണാനിധി ചെന്നൈയില്‍ പ്രഖ്യാപിച്ച തീരുമാനം തന്നോട് ആലോചിക്കാതിരുന്നതിനാലാണ് അഴഗിരി രാജി വൈകിപ്പിച്ചതെന്നാണ് സൂചന. കരുണാനിധി നടത്തിയ അനുനയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ മന്ത്രിമാര്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് തന്നെ ഡി.എം.കെ. എം.പിമാര്‍ രാഷ്ട്രപതിയെ കണ്ടു പിന്തുണ പിന്‍ വലിക്കുന്ന കത്ത് നല്‍കിയിരുന്നു.

 

തമിഴ് പുലികളുമായുള്ള യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രമേയം കൊണ്ട് വരിക, യു.എന്‍. മനുഷ്യാവകാശ കൌണ്‍സിലില്‍ യു.എസ്. അവതരിപ്പിക്കുന്ന പ്രമേയത്തില്‍ വംശഹത്യ എന്ന പ്രയോഗം ഉറപ്പു വരുത്തുക എന്നിവയായിരുന്നു ഡി.എം.കെയുടെ ആവശ്യങ്ങള്‍.

 

അതേസമയം, ശ്രീലങ്കക്കെതിരായ യു.എസ്. പ്രമേയം മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിച്ചു. ശ്രീലങ്കന്‍ വിഷയത്തില്‍ മനുഷ്യാവകാശ സമിതിയില്‍ ശക്തമായ പ്രമേയം കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു.