Skip to main content
പാറ്റ്ന

nitish kumar and jitan ram manjhi

 

ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ 48 മണിക്കൂറിനുള്ളില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഐക്യജനതാദള്‍ (ജെ.ഡി.യു) ആവശ്യപ്പെട്ടു. നിതീഷും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവും തിങ്കളാഴ്ച ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ടു. ജെ.ഡി.യു പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയും ഗവര്‍ണറെ സന്ദര്‍ശിച്ചു.

 

നിതീഷ് കുമാറിനെ സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസവോട്ട് തേടാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുമായി ഡല്‍ഹിയില്‍ പ്രകടനം നടത്തുമെന്ന് ജെ.ഡി.യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷിനെ ശനിയാഴ്ച ജെ.ഡി.യു നിയമസഭാ കക്ഷിനേതാവായി വീണ്ടും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ച് നിയമസഭ പിരിച്ചുവിടാന്‍ മഞ്ജി ശുപാര്‍ശ ചെയ്തതോടെയാണ്‌ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

 

ന്യൂഡല്‍ഹിയില്‍ നീതി ആയോഗ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്ത മഞ്ജി താന്‍ ആരില്‍ നിന്നും പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മഞ്ജിയെ ഉപയോഗിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം ജെ.ഡി.യു ഉയര്‍ത്തിയിട്ടുണ്ട്.

 

ഈ വര്‍ഷം അവസാനം കാലാവധി തീരുന്ന 243 അംഗ നിയമസഭയില്‍ 130 പേരുടെ പിന്തുണ ഉണ്ടെന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്. ജെ.ഡി.യു അംഗങ്ങള്‍ക്ക് പുറമേ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ നല്‍കുന്നുണ്ട്. ജെ.ഡി.യു 111, ബി.ജെ.പി 87, ആര്‍.ജെ.ഡി 24, കോണ്‍ഗ്രസ് അഞ്ച്, സി.പി.ഐ ഒന്ന്‍, സ്വതന്ത്രര്‍ അഞ്ച് എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. പത്ത് അംഗങ്ങളുടെ ഒഴിവുണ്ട്.  

 

നിതീഷിന്റെ വിശ്വസ്ഥനായി അറിയപ്പെട്ടിരുന്ന മഞ്ജിയെ തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റി നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ആയതോടെ നിതീഷിന്റെ നിഴലില്‍ നിന്ന്‍ മഞ്ജി പുറത്തുവരികയായിരുന്നു. മഹാദളിത്‌ വിഭാഗത്തിന്റെ പ്രതിനിധിയായി തന്നെ ഉയര്‍ത്തിക്കാട്ടി അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തുടരുമെന്ന സൂചനയും മഞ്ജി നല്‍കിയിരുന്നു.