പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആര്‍.ഡി.ഒ) ഡയറക്ടര്‍ ജനറല്‍ അവിനാഷ് ചന്ദറിനെ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച നീക്കി. കരാര്‍ കാലാവധി തീരാന്‍ 15 മാസം അവശേഷിക്കവേ ആണ് അപ്രതീക്ഷിതമായ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ നിയമന സമിതിയാണ് തീരുമാനം എടുത്തത്.
ഇന്ത്യയുടെ ദീര്‍ഘദൂര മിസൈല്‍ അഗ്നിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ചന്ദറിനെതിരെയുള്ള നടപടി ശാസ്ത്രജ്ഞരില്‍ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ചന്ദറിനെ നീക്കുന്നതിന് കാരണമൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഡി.ആര്‍.ഡി.ഒയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആഗസ്തില്‍ തന്നെ പ്രധാനമന്ത്രി മോദി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡി.ആര്‍.ഡി.ഒയുടെ പല പദ്ധതികളും വളരെയധികം വൈകുകയും ചിലവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിമര്‍ശനം.
ഭാഭ അണു ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശേഖര്‍ ബസുവായിരിക്കും ഡി.ആര്‍.ഡി.ഒയുടെ പുതിയ ചെയര്‍മാന്‍ ആയി നിയമിക്കപ്പെടുകയെന്ന്‍ കരുതപ്പെടുന്നു.
1998-ലെ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന്‍ നേരിട്ട ഉപരോധത്തിനിടയിലും ഇന്ത്യയുടെ മിസൈല്‍ പദ്ധതിയെ വിജയിപ്പിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അവിനാഷ് ചന്ദര്‍. നവംബറില്‍ വിരമിക്കല്‍ പ്രായമായ 64 തികഞ്ഞ അദ്ദേഹത്തിന് 18 മാസത്തേക്ക് കാലാവധി നീട്ടിനല്‍കുകയായിരുന്നു.