Skip to main content
ന്യൂഡല്‍ഹി

delhi assembly map

 

ഡല്‍ഹിയിലെ 70-അംഗ നിയമസഭയിലേക്ക് ഫെബ്രുവരി ഏഴിന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെബ്രുവരി പത്തിനായിരിക്കും വോട്ടെണ്ണല്‍. 2014 ഫെബ്രുവരി 14-ന് 49 ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന്‍ രാഷ്ട്രപതി ഭരണത്തിലായിരുന്നു ഡല്‍ഹി.

 

പ്രചാരണത്തില്‍ ബി.ജെ.പിയും എ.എ.പിയും തമ്മില്‍ ഇതിനകം തന്നെ നേരിട്ട് പോരാട്ടം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാറാലിയോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത്. പ്രസംഗത്തില്‍ മോദി എ.എ.പിയേയും അരവിന്ദ് കേജ്രിവാളിനെയുമാണ് പ്രധാനമായും ആക്രമിച്ചത്.

 

മോദിയുടെ ജനപ്രീതി ഉപയോഗിച്ച് 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തലസ്ഥാന നഗരിയില്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് ബി.ജെ.പിയുടെ ശ്രമം. 2013 ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതേസമയം, 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും പാര്‍ട്ടിയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞു.

 

2013-ലെ അത്ഭുത വിജയം വീണ്ടെടുക്കാന്‍ ഉറപ്പിച്ചാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ സീറ്റിലും രണ്ടാമതെത്താനും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്നും പാര്‍ട്ടിയ്ക്ക് കഴിഞ്ഞിരുന്നു. പാര്‍ട്ടി ഇതിനകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സക്രിയമാണ്.

 

എ.എ.പിയുടെ വരവോടെ മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് സാന്നിദ്ധ്യം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് വീണ്ടും പ്രചാരണ രംഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്റെ നേതൃത്വത്തിലായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന്‍ കരുതുന്നു.