ഉത്തര്‍ പ്രദേശിലെ പുനര്‍ മതപരിവര്‍ത്തന പരിപാടി ഘര്‍ വാപ്സിയുടെ പ്രധാന സംഘാടകനായ രാജേശ്വര്‍ സിങ്ങ് ആര്‍.എസ്.സില്‍ നിന്ന്‍ അവധിയെടുത്തു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസ് പ്രചാരക് ആയ സിങ്ങ് അനിശ്ചിത കാലത്തേക്ക് അവധി എടുത്തിട്ടുള്ളത്. എന്നാല്‍, ഘര്‍ വാപ്സി പരിപാടികള്‍ സര്‍ക്കാറിന്റെ വികസന അജണ്ടയെ അട്ടിമറിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസ് നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്ന്‍ കരുതപ്പെടുന്നു.
പുനര്‍ മതപരിവര്‍ത്തന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ധര്‍മ്മ ജാഗരണ്‍ സമന്വയ സമിതിയുടെ കണ്‍വീനര്‍ ആണ് സിങ്ങ്. ഏതാനും മാസത്തേക്ക് അവധിയെടുത്ത് വിവാദം തണുക്കുന്നത് വരെ സജീവ പ്രവര്‍ത്തനത്തില്‍ നിന്ന്‍ മാറിനില്‍ക്കാന്‍ ആര്‍.എസ്.എസ് സിങ്ങിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ സംഘടനയുടെ ചുമതലയില്‍ നിന്ന്‍ സിങ്ങിനെ മാറ്റാന്‍ ആര്‍.എസ്.എസ് തയ്യാറായിയിട്ടില്ല. ചികിത്സയ്ക്ക് ശേഷം ജൂണില്‍ സംഘടന തന്റെ അടുത്ത ചുമതല നിശ്ചയിക്കുമെന്ന് സിങ്ങ് പറഞ്ഞു.
സിങ്ങിന്റെ സമിതിയുടെ നേതൃത്വത്തില്‍ ആഗ്രയില്‍ 300 മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ മതം മാറ്റിയ നടപടി വന്‍ വിവാദം സൃഷ്ടിക്കുകയും പാര്‍ലിമെന്റ് സമ്മേളനത്തെ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. 1996 മുതല്‍ മൂന്ന്‍ ലക്ഷത്തിലധികം ആളുകളെ മതം മാറ്റിയിട്ടുണ്ടെന്ന് സിങ്ങ് അവകാശപ്പെട്ടിരുന്നു. ഓരോ മാസവും ശരാശരി ആയിരം കുടുംബങ്ങളെ മതം മാറ്റാന്‍ 50 ലക്ഷം രൂപ വീതം ചിലവഴിക്കുന്നതായി സിങ്ങ് അവകാശപ്പെട്ടിരുന്നു. 2021-ഓടെ രാജ്യത്ത് ഇസ്ലാം, ക്രിസ്തുമതങ്ങള്‍ ഉണ്ടാകില്ലെന്നും സിങ്ങ് പ്രസ്താവിച്ചിരുന്നു.