തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം നേതാവും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈം വിഭാഗം കേസെടുത്തു. പാര്‍ട്ടി ചിഹ്നമായിരുന്ന രണ്ടില തങ്ങളുടെ വിഭാഗത്തിന് ലഭിക്കാന്‍ വേണ്ടിയാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴ നല്‍കാനായി കരുതിയിരുന്നതെന്ന പേരില്‍ 1.3 കോടി രൂപ ദിനകരന്റെ സഹായിയില്‍ നിന്ന്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചിഹ്നം അനുവദിക്കുന്നതിനായി 50 കോടി രൂപയാണ് സുരേഷ് വാഗ്ദാനം ചെയ്തിരുന്നതെന്ന് പോലീസ് അധികൃതര്‍ പറയുന്നു. പണത്തിന് പുറമേ ഓരോ ബി.എം.ഡബ്ലിയു., മെഴ്സിഡസ് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ആരോപണം ദിനകരന്‍ നിഷേധിച്ചിട്ടുണ്ട്. പിടിയിലായ സുരേഷ് ചന്ദ്രശേഖര്‍ എന്നയാളെ അറിയില്ലെന്ന് ദിനകരന്‍ പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതാവായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന്‍ ഒഴിവ് വന്ന ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തിന് ശശികല വിഭാഗവും പന്നീര്‍സെല്‍വം വിഭാഗവും അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കുകയായിരുന്നു. പിന്നീട് വോട്ടര്‍മാര്‍ക്ക് കോഴ വാഗ്ദാനം വ്യാപകമായതിനെ തുടര്‍ന്ന്‍ ഏപ്രില്‍ 12-ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ദിനകരനായിരുന്നു ശശികല വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥി.