Skip to main content

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന ബി.ജെ.പി യുവനേതാവിന്റെ പ്രസ്താവനയെ പാര്‍ലിമെന്റില്‍ വിവിധ കക്ഷികളും സര്‍ക്കാറും കടുത്ത ഭാഷയില്‍ അപലപിച്ചു. യുവമോര്‍ച്ച നേതാവ് യോഗേഷ് വര്ഷ്ണിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാമെന്ന് കേന്ദ്രം പ്രതികരിച്ചു.

 

മമത രാമനവമിയ്ക്കും ഹനുമാന്‍ ജയന്തിയ്ക്കും ഘോഷയാത്ര നടത്താന്‍ അനുവദിക്കുന്നില്ലെന്നും എന്നാല്‍ ഇഫ്താര്‍ നടത്തുകയും മുസ്ലിങ്ങളെ എപ്പോഴും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് വര്ഷ്ണി പ്രഖ്യാപനം നടത്തിയത്.

 

രാമനവമിയോട് അനുബന്ധിച്ച് ബി.ജെ.പിയടക്കമുള്ള സംഘടനകള്‍ ആയുധങ്ങളുമേന്തി കൊല്‍ക്കത്ത തുറമുഖ പരിസരത്ത് മുസ്ലിം പള്ളിയുടെ സമീപത്തു കൂടെ പ്രകടനം നടത്തിയത് നേരിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ഇത്.        

 

പാര്‍ലിമെന്റിന്റെ രണ്ട് സഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയം ഉന്നയിച്ചു. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറും പ്രസ്താവനയെ അപലപിച്ചു.