തമിഴ്‌നാട് സര്‍ക്കാര്‍ ഞായറാഴ്ച മധുരയില്‍ ജല്ലിക്കെട്ട് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പൊള്ളാച്ചിയിലും ജല്ലിക്കെട്ട് നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
സുപ്രീം കോടതിയുടെ നിരോധനം മറികടക്കാന്‍ സംസ്ഥാനം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരടിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തമിഴ്‌നാട് ഗവര്‍ണര്‍ ഇന്ന്‍ തന്നെ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കുമെന്നാണ് സൂചന. തമിഴ്‌നാടിന്റെ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശനിയാഴ്ച വൈകുന്നേരം ചെന്നൈയില്‍ എത്തും.
അതിനിടെ, ചെന്നൈയിലെ മറീന ബീച്ചിലെ പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുകയാണ്. ഏകദേശം 30,000 പേര്‍ ഇവിടെ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. നിരോധനം ഔദ്യോഗികമായി മാറ്റാതെ മറീന വിടില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.
വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള ഹര്‍ജിയില്‍ വരുന്ന വെള്ളിയാഴ്ച വരെ വിധി പ്രസ്താവിക്കില്ലെന്ന്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന നില പരിഹരിക്കാന്‍ സാവകാശം തേടി കേന്ദ്രം നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്.
മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചതോടെയാണ് ജനുവരി മധ്യത്തില്‍ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായത്. ഇത് മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.