Skip to main content

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം മാത്രമേ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാവൂ എന്ന് പ്രധാന പ്രതിപക്ഷ കക്ഷികള്‍. വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ഐക്യ ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചു.

 

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫെബ്രുവരി നാലിനാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ഇടയുള്ള ആനുകൂല്യങ്ങളും മറ്റ് പദ്ധതികളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന് പ്രതിപക്ഷം പറയുന്നു.

 

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് ബജറ്റ് പാസാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണം നേരത്തെയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മാര്‍ച്ച് എട്ടിന് അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ശേഷവും ബജറ്റ് അവതരിപ്പിച്ച് മാര്‍ച്ച് 31-ന് മുന്‍പ് പാസാക്കിയെടുക്കാന്‍ സമയമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ ചൂണ്ടിക്കാട്ടി.