ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരവലയത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന ഒരാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ മുനവര്‍ സലീമിന്റെ സഹായിയായ ഫര്‍ഹത് ആണ് കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനെ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കൊപ്പം ഡല്‍ഹി മൃഗശാലയില്‍ നിന്ന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നയതന്ത്ര സുരക്ഷയുള്ളതിനാല്‍ കസ്റ്റഡിയില്‍ നിന്ന്‍ വിട്ടയച്ച ഇയാളെ ഇന്ത്യ അനഭിമത വ്യക്തിയായി പ്രഖ്യാപിക്കുകയും രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറവെ ആണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അവകാശപ്പെടുന്നു. മറ്റൊരു രാജസ്ഥാന്‍ സ്വദേശിയെ കൂടി ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.