Skip to main content

ചാരവൃത്തി ആരോപിച്ച് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനോട്‌ രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. നിര്‍ണ്ണായക രേഖകള്‍ ഇയാള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് രണ്ട് രാജസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തെങ്കിലും നയതന്ത്ര സുരക്ഷ ഉള്ളതിനാല്‍ വിട്ടയച്ചു. ഇയാളെ ‘അനഭിമത വ്യക്തി’യായി പ്രഖ്യാപിച്ചതായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്.

 

മൌലാന റംസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍. പ്രതിരോധ കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഇവര്‍ അക്തറിന് കൈമാറിയതായി പോലീസ് ആരോപിക്കുന്നു.

 

കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. അവര്‍ക്ക് പിന്നിലുള്ള അതേ കേന്ദ്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കരുതുന്നു.