ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന്‍ 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 58000 കോടി രൂപയുടെ ഇടപാടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറും ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രി ഴാങ്ങ് യെവ്സ് ലെദ്രിയാനുമാണ് കരാറില്‍ ഒപ്പ് വെച്ചത്.
ഇരട്ട എഞ്ചിന്‍ ഡസാള്‍ട്ട് റഫാല്‍ പോര്‍വിമാനങ്ങള്‍ക്കായുള്ള കരാര്‍ രണ്ട് രാജ്യങ്ങളും വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നതാണ്. വിലയുടെ 15 ശതമാനം ഇന്ത്യ മുന്‍കൂറായി നല്‍കും. ലോകത്തെ ഏറ്റവും ആധുനികമെന്ന് വിശേഷിക്കപ്പെടുന്ന മീറ്റിയോര്‍ മിസൈല്‍ അടക്കമുള്ള ആയുധങ്ങളും വിമാനഘടകങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും.
പാകിസ്ഥാനോ ചൈനയ്ക്കോ ഈ ശ്രേണിയിലുള്ള പോര്‍വിമാനം ഇല്ലായെന്നത് ദക്ഷിണേഷ്യന്‍ ആകാശത്ത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുന്‍തൂക്കം നല്‍കും. 18 മാസത്തിനുള്ളില്‍ ആദ്യ വിമാനം കൈമാറും.
തുകയുടെ 30 ശതമാനം ഇന്ത്യയുടെ സൈനിക വ്യോമയാന സംബന്ധമായ ഗവേഷണ പദ്ധതികളിലും 20 ശതമാനം വിമാനത്തിന്റെ ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനും ഫ്രാന്‍സ് നിക്ഷേപിക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്.