ഡല്‍ഹി, ദേശീയ തലസ്ഥാന പ്രദേശം, ഹൈദരാബാദ്, ലക്നോ എന്നിവടങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തു. വന്‍ ഗതാഗത കുരുക്കുകളും വെള്ളക്കെട്ടുകളും മൂലം ഇവിടങ്ങളിലെ യാത്ര അങ്ങേയറ്റം ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വ്വീസുകളും വൈകി. മഴ കാരണം ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. സമീപത്തെ ഗുരുഗ്രാമിലും കനത്ത മഴയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഐ.ഐ.ടി ഡല്‍ഹി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ പുറപ്പെട്ട യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ വാഹനവ്യൂഹവും വെള്ളക്കെട്ടില്‍ കുരുങ്ങി യാത്ര വൈകി. അദ്ദേഹത്തിന്റെ മറ്റ് സന്ദര്‍ശന പരിപാടികള്‍ റദ്ദാക്കി.
കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ ചുരുങ്ങിയത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ട ഹൈദരാബാദില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ആറുപേരും കുട്ടികളാണ്. താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയനിലയാണ്.
ലക്നോവിലും ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങളിലും പുലര്‍ച്ച നാല് മണി മുതല്‍ തുടര്‍ച്ചയായി മൂന്ന്‍ മണിക്കൂര്‍ കനത്ത മഴ പെയ്തു. പഴയ നഗരത്തിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടിരിക്കുകയാണ്.