സംസ്ഥാനത്തിന്റെ പേര് ബംഗാളിയില്‍ ബംഗ്ല എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ആക്കി മാറ്റുന്നതിനുള്ള പ്രമേയം പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കളാഴ്ച പാസാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജി പേര് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മുന്നോട്ടുവെച്ചിരുന്നു.
പ്രമേയത്തെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. ബംഗാള്‍ ജനത പെരുമാറ്റം അംഗീകരിച്ചതായും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയും ഇതിനെ എതിര്‍ക്കുന്നത് കേവലം എതിര്‍പ്പിന്റെ പേരിലാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് മമത പറഞ്ഞു.
പ്രമേയം ഇനി പാര്‍ലിമെന്റ് പാസാക്കുന്നതിനായി അയച്ചുകൊടുക്കും. 2011-ല്‍ സംസ്ഥാനത്തിന്റെ പേര് പശ്ചിം ബംഗോ എന്നാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് പ്രമേയം അയച്ചിരുന്നെകിലും കേന്ദ്രം അത് പാസാക്കിയിരുന്നില്ല.
സംസ്ഥാനങ്ങളുടെ യോഗങ്ങളില്‍ പശ്ചിമ ബംഗാള്‍ അവസാന സ്ഥാനത്ത് വരുന്നതും പേരുമാറ്റത്തിന്റെ പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.
1947-ലെ ഇന്ത്യാ വിഭജനമാണ് രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനത്തെ പശ്ചിമ ബംഗാള്‍ ആക്കി മാറ്റിയത്. ബംഗാളിന്റെ കിഴക്കന്‍ ഭാഗം പാകിസ്ഥാന്റെ ഭാഗമായും മാറി. പിന്നീട് കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ട ഈ പ്രദേശം 1971-ലെ വിമോചന യുദ്ധത്തിന് ശേഷം സ്വതന്ത്ര രാഷ്ട്രമായ ബംഗ്ലദേശ് ആയി മാറി.