കശ്മീര്‍ താഴ്വരയില് സംഘര്‍ഷം അയവില്ലാതെ തുടരവേ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു സന്ദര്‍ശനം. അതിനിടെ, കഴിഞ്ഞ ദിവസം ഒരാള്‍ കൂടി സുരക്ഷാ സൈനികരുടെ വെടിവെപ്പില്‍ മരിച്ചതോടെ 50 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ രണ്ട് ദിവസം നീണ്ടുനിന്ന കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് മുഫ്തി ന്യൂഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. സംഘര്‍ഷത്തിന് പിന്നില്‍ നിന്ന് നേതൃത്വം കൊടുക്കുന്നതായി തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തികള്‍ക്ക് നേരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
നിരോധിത ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാണ്ടര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സുരക്ഷാ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ചത് മുതല്‍ കശ്മീര്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. ഏഴായിരത്തിലധികം സാധാരണക്കാര്‍ക്കും നാലായിരത്തിലധികം സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റതായാണ് കണക്കുകള്‍. പെല്ലെറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റ് ഒട്ടേറെ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറു വര്‍ഷത്തിനിടെ കശ്മീര്‍ കണ്ട ഏറ്റവും രൂക്ഷമായ പ്രക്ഷോഭമാണ് ഇത്.