കശ്മീര്‍: സംഭാഷണം അനിവാര്യം; പരിഹാരം ഭരണഘടനയ്ക്ക് അകത്ത് നിന്ന്‍ - മോദി

Mon, 22-08-2016 05:51:51 PM ;

കശ്മീര്‍ താഴ്വരയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഭാഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, പ്രശ്നത്തിനുള്ള ഏതൊരു പരിഹാരവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്ത് നില്‍ക്കുന്നതായിരിക്കണമെന്ന് മോദി വ്യക്തമാക്കി. ജമ്മു കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

ജൂലൈ എട്ടു മുതല്‍ താഴ്വരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ 68 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇന്ത്യ നിരോധിച്ച ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സൈനികര്‍ വധിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളാണ് സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയത്.  

 

അക്രമങ്ങളിലും ജീവനാശത്തിലും മോദി കടുത്ത ആശങ്കയും വേദനയും പങ്കുവെച്ചു. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടത്. സ്ഥിതി കൈകാര്യം ചെയ്യുന്നതിന് രാഷ്ട്രീയ നടപടി വേണമെന്ന് സംഘം ആവശ്യപ്പെട്ടു. കുട്ടികളടക്കം നൂറുകണക്കിന് പേരുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തിയ പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം ഉടന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

Tags: