Skip to main content

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന 10,000 ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷണം നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച ലോകസഭയെ അറിയിച്ചു.

 

തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങ് ചൊവ്വാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കുമെന്ന് സ്വരാജ് പറഞ്ഞു.

 

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഒരു ഇന്ത്യാക്കാരനും ഭക്ഷണമില്ലാതെ വരില്ലെന്നും അഞ്ച് ക്യാമ്പുകളിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വേണ്ട ഭക്ഷണപ്പൊതികള്‍ എത്തിച്ചിട്ടിട്ടുണ്ടെന്നും സ്വരാജ് സഭയെ അറിയിച്ചു. സ്ഥിതിഗതി താന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട്‌ നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.   

 

തൊഴിലാളികള്‍ക്ക് കിട്ടേണ്ട ശമ്പള കുടിശിക ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.