ബി.ജെ.പി അംഗവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ്ങ് സിദ്ധു തിങ്കളാഴ്ച രാജ്യസഭയില്‍ നിന്ന്‍ രാജിവെച്ചു. സിദ്ധു ആം ആദ്മി പാര്‍ട്ടി (എ.എ.പി)യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നീക്കം.
ഏപ്രില്‍ 22-നു രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിദ്ധുവിന്റെ രാജി ചെയര്‍മാന്‍ ഹാമിദ് അന്‍സാരി സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പഞ്ചാബില്‍ സിദ്ധു എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിദ്ധു വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, സിദ്ധു പാര്‍ട്ടിയിലേക്ക് വന്നാല്‍ തുറന്ന കൈകളുമായി സ്വീകരിക്കുമെന്ന് എ.എ.പിയുടെ പഞ്ചാബ് നേതാവും എം.പിയുമായ ഭഗവന്ത് മന്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയോ സിദ്ധുവോ ഈ വിഷയത്തില്‍ പരസ്പരം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്‍ വ്യക്തമാക്കി. ഉപാധികളോടെ പാര്‍ട്ടിയില്‍ ചേരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ അമൃതസര്‍ മണ്ഡലം അരുണ്‍ ജെയ്റ്റ്ലിക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതുമുതല്‍ സിദ്ധു ബി.ജെ.പിയുമായി രസത്തിലല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.