സൊഹ്രാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായ്ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രത്യേക സി.ബി.ഐ കോടതി ചൊവ്വാഴ്ച ഒഴിവാക്കി. രാഷ്ട്രീയ എതിരാളികള്‍ തന്നെ കേസില്‍ പെടുത്തിയതാണെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഷാ ഹര്‍ജി നല്‍കിയ ഹര്‍ജിയിലാണ് നടപടി. സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നു ഷാ.
കേസില്‍ സി.ബി.ഐയുടെ നിഗമനം പൂര്‍ണ അര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് ജഡ്ജി എം.ബി ഗോസാവി പറഞ്ഞു. വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊഹ്രാബുദ്ദീന്റെ കുടുംബം പറഞ്ഞു.
വാദത്തിനിടെ ഷായെ കുറ്റവിമുക്തനാക്കുന്നതില്‍ സി.ബി.ഐ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല. സംഭവം നടന്ന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2010-ലാണ് കേസ് അന്വേഷണത്തിന്റെ ചുമതല ഏജന്‍സിയ്ക്ക് ലഭിച്ചതെന്ന്‍ സി.ബി.ഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് പ്രതി വിശദീകരണം നല്‍കുകയും കേസില്‍ രണ്ട് അഭിപ്രായങ്ങള്‍ക്ക് സാധ്യതയുമുണ്ടെങ്കില്‍ പ്രതിയെ കുറ്റവിമുക്തനാക്കാവുന്നതാണെന്ന് അഭിഭാഷകന്‍ അഭിപ്രായപ്പെട്ടിരുന്നു.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഷായെ 2005-06 കാലയളവില്‍ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സി.ബി.ഐ പ്രതിചേര്‍ത്തിരുന്നു. ചെറുകിട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൊഹ്രാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൌസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ കസ്റ്റഡിയില്‍ എടുക്കുകയും ലഷ്കര്‍-ഇ-ത്വൈബ തീവ്രവാദികള്‍ എന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയെ 2006 ഡിസംബറില്‍ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് അടുത്ത കേസ്.