Skip to main content
തിരുവനന്തപുരം

ksrtc

 

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്നതിന് തീരുമാനം. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യാന്നും തീരുമാനമായി. കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍.

 

 

ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന പെന്‍ഷന്‍ ഫണ്ടില്‍ ഓരോ മാസവും സര്‍ക്കാറും കെ.എസ്.ആര്‍.ടി.സിയും കൂടി 40 കോടി നല്‍കും. മൂന്നു മാസത്തോളമായി പെന്‍ഷന്‍ മുടങ്ങിയത് നിയമസഭാ ഗ്യാലറിയില്‍ അടക്കം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പെന്‍ഷന്‍ തുക 15,000 രൂപ വരെ ഉളളവര്‍ക്ക് ഉടനേയും 15,000തിന് മുകളില്‍ ഉള്ളവര്‍ക്ക് ഗഡുക്കളായി നല്‍കാനുമാണ് തീരുമാനം.

 

കെ.എസ്.ആര്‍.ടി.സിയ്ക്ക് വന്‍ ബാദ്ധ്യതയായി മാറിയിരിക്കുന്ന കെ.റ്റി.ഡി.എഫ്‌.സിയില്‍ നിന്നുള്ള വായ്പകള്‍ ദേശസാല്‍കൃത ബാങ്കുകളിലേയ്ക്ക് മാറ്റും. പ്രതിദിനം ഒന്നേമുക്കാല്‍ കോടി രൂപയോളമാണ് വായ്പാ തിരിച്ചടവിന് കെ.എസ്.ആര്‍.ടി.സിയ്ക്ക് നീക്കിവെക്കേണ്ടി വരുന്നത്. ലാഭകരമല്ലാത്ത 25 ശതമാനം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി ഇവ ലാഭമുള്ള റൂട്ടുകളിലേക്ക്‌ മാറ്റാനും തീരുമാനമുണ്ട്.

 

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണമടക്കം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് ക്ലിഫ് ഹൗസില്‍ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി പങ്കെടുത്തില്ല.

Tags