Skip to main content
ന്യൂഡല്‍ഹി

 

 

 

ghar vaapsi in alappuzha

 

മതപരിവര്‍ത്തനത്തേയോ പുന:പരിവര്‍ത്തനത്തേയോ കേന്ദ്രസര്‍ക്കാര്‍ പിന്താങ്ങുന്നില്ലെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി എം വെങ്കയ്യ നായിഡു. ഏതെങ്കിലും വ്യക്തി മറ്റൊരാളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനമോ പുന:പരിവര്‍ത്തനമോ നടത്താന്‍ ശ്രമിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് നായിഡു ലോകസഭയില്‍ പറഞ്ഞു. സര്‍ക്കാറിനോ ബി.ജെ.പിയ്ക്കോ ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നും നായിഡു പറഞ്ഞു.  

 

ആലപ്പുഴയില്‍ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 30 ദളിത്‌ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സംഭവം ചൂണ്ടിക്കാട്ടി ശൂന്യവേളയില്‍ ആലപ്പുഴ എം.പി കെ.സി വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. ഈ സംഭവത്തില്‍ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറാണെന്ന്‍ നായിഡു മറുപടി പറഞ്ഞു. എന്നാല്‍, ദിവസവും വിവിധ സംസ്ഥാനങ്ങളിലായി ഘര്‍ വാപ്സി (വീട്ടിലേക്ക് മടങ്ങിവരവ്) എന്ന പേരില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായും സര്‍ക്കാര്‍ ഇതിന് പരോക്ഷമായി പിന്തുണ നല്‍കുകയാണെന്നും കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.

 

വിഷയത്തില്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവന സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഇടതുകക്ഷികളും സമാജ്വാദി പാര്‍ട്ടിയും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വിഷയം ഇതിനകം ഉന്നയിച്ച ഒന്നായതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി.  

 

സംഘപരിവാര്‍ സംഘടനകളുടെവിവാദ  ഘര്‍ വാപ്സി പരിപാടിയെ ശക്തമായി ന്യായീകരിച്ച മോഹന്‍ ഭഗവത് മതപരിവര്‍ത്തനം തടയുന്ന നിയമത്തെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഹിന്ദുമതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഹിന്ദു മതത്തില്‍ പെട്ടവരെ പരിവര്‍ത്തനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരോട് ഭഗവത് ആവശ്യപ്പെട്ടു.

 

അതേസമയം, ശനിയാഴ്ച ഗുജറാത്തിലെ വാല്‍സാദില്‍ ഏകദേശം 500 ഗോത്രവര്‍ഗ്ഗ ക്രിസ്ത്യാനികളെ മതംമാറ്റിയ സംഭവം വിവാദമായതിനെ തുടര്‍ന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ന്ന്‍ ഘര്‍ വാപ്സി പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വി.എച്ച്.പി നേതൃത്വം അനുയായികള്‍ക്ക് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.