കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവിക നാവികന്‍ ചികിത്സാ ആവശ്യാര്‍ത്ഥം നാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി. ജനുവരി എട്ടിന് ഹൃദയശസ്തക്രിയ നടത്തുന്നതിനായി രണ്ട് മാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന മസ്സിമിലിയാനോ ലതോരെയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
ന്യൂഡല്‍ഹിയില്‍ കസ്റ്റഡിയില്‍ കഴിയവേ ആഗസ്തില്‍ തലച്ചോറില്‍ പക്ഷാഘാതം അനുഭവപ്പെട്ട ലതോരെയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോകാന്‍ സെപ്തംബര്‍ 12-ന് സുപ്രീം കോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 16-ന് ജാമ്യകാലാവധി തീരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി ലതോരെ കോടതിയെ സമീപിച്ചത്.
ക്രിസ്മസ് ആഘോഷിക്കുന്നതിന് നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ അടുത്ത പ്രതിയായ ഇറ്റാലിയന്‍ നാവിക സൈനികന്‍ സാല്‍വതോരെ ജിരോണ്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ ലോകത്ത് ഒരിടത്തും കാണില്ലെന്നും ഇന്ത്യാക്കാരായ ഇരകള്‍ക്കും അവകാശങ്ങളുണ്ടെന്നും കോടതി പരാമര്‍ശിച്ചു. തുടര്‍ന്ന്‍ അഭിഭാഷകര്‍ ഹര്‍ജികള്‍ പിന്‍വലിച്ചു.
2013-ല്‍ ക്രിസ്മസിന് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി ഇവര്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും നാവികര്‍ പറഞ്ഞ സമയത്ത് തിരികെ വന്നില്ല. ഇറ്റലിയുടെ സ്ഥാനപതിയ്ക്കെതിരെ സുപ്രീം കോടതി നടപടി സ്വീകരിക്കുമെന്ന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ തിരികെയെത്തിയത്.
2012 ഫെബ്രുവരിയില്‍ കേരള തീരത്ത് ഇന്ത്യാക്കാരായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ സൈനികര്‍ അറസ്റ്റിലായത്. എന്റിക ലെക്സി എന്ന വാണിജ്യ കപ്പലിന്റെ സുരക്ഷാ ചുമതല നിര്‍വ്വഹിച്ചിരുന്നവരായിരുന്നു ഇവര്‍.