ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി മദന്‍ മിത്രയെ സി.ബി.ഐ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന്‍ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് മിത്ര.
ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സി.ബി.ഐ മിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശാരദ ഗ്രൂപ്പിലെ തൊഴിലാളി സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു മിത്ര ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത ആളായാണ് അറിയപ്പെടുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പിമാരായ കുനാല്‍ ഘോഷ്, ശ്രിന്‍ജോയ് ബോസ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി വൈസ് പ്രസിഡന്റും ബംഗാള്‍ മുന്‍ ഡി.ജി.പിയുമായിരുന്ന രജത് മജുംദാരും അറസ്റ്റിലാണ്.
ബംഗാള്‍ ഒഡിഷ, അസ്സം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരുടെ ചിട്ടി നിക്ഷേപങ്ങള്‍ തട്ടിയെടുത്ത സംഭവത്തിന്റെ അന്വേഷണം സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് സി.ബി.ഐ ഏറ്റെടുത്തത്. ഏകദേശം 2,460 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് കണക്കുകള്‍. 2013 ഏപ്രിലില്‍ കമ്പനി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‍ പണം നഷ്ടപ്പെട്ട 60-ല്‍ അധികം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.