Skip to main content
ന്യൂഡല്‍ഹി

india israel relationsകേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങ് നവംബര്‍ ആദ്യം ഇസ്രയേല്‍ സന്ദര്‍ശിക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകും.

 

നവംബര്‍ ആറിന് സിങ്ങ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവുമായി ചര്‍ച്ച നടത്തും. സന്ദര്‍ശനത്തിലെ മറ്റ് പരിപാടികള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇസ്രയേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോസഫ് കോഹന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു.   

 

14 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. മുന്‍ എന്‍.ഡി.എ സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയാണ് 2000 ജൂണില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വന്‍തോതില്‍ ശക്തിപ്പെടുത്തിയതായിരുന്നു ആ സന്ദര്‍ശനം. 

 

കഴിഞ്ഞ മാസം യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിന്റെ പാര്‍ശ്വങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതാന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആകാശമാണ് പരിധിയെന്നും ഇന്ത്യയുമായി കൂടുതല്‍ കൂടുതല്‍ സഹകരണം ഇസ്രയേല്‍ തേടുകയാണെന്നും നെതാന്യാഹു പറഞ്ഞിരുന്നു.

 

ശക്തമായ പ്രതിരോധ ഇടപാടുകളാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ളത്. ഇസ്രയേലില്‍ നിന്ന്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇസ്രയേലും. കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ അതിനെ അപലപിച്ച് പാര്‍ലിമെന്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. അതേസമയം, യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രയേലിനെതിരെ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുകയും ചെയ്തിരുന്നു.  

Tags