ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം ലളിത കുമാരമംഗലത്തെ ദേശീയ വനിതാ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മേനക ഗാന്ധിയാണ് നിയമന വിവരം അറിയിച്ചത്. തമിഴ്‌നാട് സ്വദേശിയായ ലളിത പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന മോഹന്‍ കുമാരമംഗലത്തിന്റെ മകളാണ്.
കമ്മീഷനില്‍ ‘രാഷ്ട്രീയ നിയമനങ്ങള്‍’ നടത്തുന്നതില്‍ എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മേനക ഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാറും പ്രധാനമന്ത്രിയുമാണ് ഈ തീരുമാനമെടുത്തതെന്ന് അവര്‍ വിശദീകരിച്ചു. സ്തീകളുടെ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് ലളിത കുമാരമംഗലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി ഒരു ജഡ്ജിയെ നിയമിക്കണമെന്നതടക്കം വനിതാ കമ്മീഷന്റെ അധികാരം വിപുലപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ മേനക ഗാന്ധി മുന്നോട്ടുവെച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് തുല്യമായ അധികാരങ്ങള്‍ വനിതാ കമ്മീഷന് ഉണ്ടാകണമെന്ന നിലപാടാണ് മേനക ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഈ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമൊന്നുമായിട്ടില്ല.