ബലാസോര്‍
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവ മിസൈല്‍ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം. വ്യാഴാഴ്ച ഒഡിഷ തീരത്തായിരുന്നു സൈന്യത്തിന്റെ ഉപയോഗത്തിനായുള്ള പരീക്ഷണം.
കാലത്ത് 11.11ന് വീലര്‍ ദ്വീപിലെ സംയോജിത പരീക്ഷണ മേഖലയിലെ സഞ്ചരിക്കുന്ന വിക്ഷേപണ വാഹനത്തില്‍ നിന്നായിരുന്നു 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഉപരിതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. സൈന്യത്തിലെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡ് ആണ് പരിശീലനത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയത്.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) ആണ് മിസൈല്‍ നിര്‍മ്മിച്ചത്. ഉയര്‍ന്ന കൃത്യതയോടെ ലക്ഷ്യത്തെ ഭേദിക്കുന്ന മിസൈല്‍ ഇതിനകം തന്നെ സേനയുടെ ഭാഗമാണ്. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുള്ള അഗ്നി-1 1,000 കിലോഗ്രാം വരെ ഭാരമുള്ള ആയുധം വഹിക്കാന്‍ കഴിയും.