ശാരദ ചിട്ടി തട്ടിപ്പ്: സി.ബി.ഐ തൃണമൂല്‍ എം.പിയെ ചോദ്യം ചെയ്തു

Wed, 10-09-2014 03:18:00 PM ;
കോല്‍ക്കത്ത

srinjoy boseകോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സി.ബി.ഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ശ്രിന്‍ജോയ് ബോസിനെ വ്യാഴാഴ്ച ചോദ്യം ചെയ്തു. പ്രമുഖ ബംഗാളി ദിനപത്രമായ പ്രതിദിനിന്റെ ഉടമയാണ് രാജ്യസഭാംഗമായ ബോസ്. കേസില്‍ അറസ്റ്റിലായ മറ്റൊരു തൃണമൂല്‍  രാജ്യസഭാംഗം കുനാല്‍ ഘോഷ് പ്രതിദിനിന്റെ പത്രാധിപര്‍ ആയിരുന്നു. ഘോഷിനെ തൃണമൂല്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

 

അതിനിടെ, കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ മുന്‍ ഡി.ജി.പി രജത് മജുംദാറിനെ നെഞ്ചുവേദനയെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മജുംദാര്‍ ശാരദ ഗ്രൂപ്പിന്റെ സുരക്ഷാ ഉപദേശകന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ മുകുള്‍ റോയിയുടെ സഹായി ആസിഫ് ഖാനെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഈയിടെ ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ സമാന്തരമായി അന്വേഷണം നടത്തുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോകസഭാംഗം അര്‍പിത പോളിനേയും രാജ്യസഭാംഗം അഹമ്മദ് ഹസ്സന്‍ ഇമ്രാനേയും ചോദ്യം ചെയ്തിട്ടുണ്ട്.   

Tags: