ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി ഒക്ടോബര്‍ പത്ത് വരെ സമയം നല്‍കി. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഡല്‍ഹി നിയമസഭ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
നേരത്തെ, ഹര്‍ജി പരിഗണിക്കവേ ഡല്‍ഹിയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ചോ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് സംബന്ധിച്ചോ തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കുകയായിരുന്നു. രാഷ്ട്രപതി ഭരണത്തിലാണ് ഡല്‍ഹി ഇപ്പോള്‍.
കോടതി നല്‍കിയ കാലാവധി അവസാനിച്ച ഇന്ന്‍ കേന്ദ്രം സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ഒരു നിര്‍ദ്ദേശം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് അയച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ഇതില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് ഒക്ടോബര്‍ പത്ത് വരെ സമയം നീട്ടിനല്‍കിയത്. തങ്ങളുടെ എം.എല്‍.എയ്ക്ക് ബി.ജെ.പി നേതാവ് കോഴ വാഗ്ദാനം ചെയ്യുന്നതായ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീരുമാനം പെട്ടെന്ന് എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.