ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സി.പി.ഐയ്ക്ക് പുറമേ സി.പി.ഐ.എമ്മിലും വിവാദത്തിനിടയാക്കുന്നു. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സി.പി.ഐ.എമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ പല കഥകളുമുണ്ടെന്ന് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് പറഞ്ഞു.
പച്ചക്കുതിര മാസികയുടെ ആഗസ്ത് ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് തിരുവനന്തപുരം സീറ്റ് സംബന്ധിച്ച തീരുമാനം സി.പി.ഐയുടെ മാത്രമാണെന്ന് പറയാനാകില്ലെന്ന് ബേബി അഭിപ്രായപ്പെടുന്നത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആശയവിനിമയം നടന്നിട്ടുണ്ടെന്നും ബേബി വെളിപ്പെടുത്തി.
തിരുവനന്തപുരം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് യോജിക്കാത്ത നടപടികള്‍ ഉണ്ടായി എന്ന്‍ കണ്ടെത്തിയ സി.പി.ഐ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ ഉള്‍പ്പെടെ മൂന്ന്‍ പേര്‍ക്കെതിരെ കഴിഞ്ഞ ദിവസവം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇത് സി.പി.ഐയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു സി.പി.ഐ.എം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്റെ പ്രതികരണം.
അച്ചടക്ക നടപടിയുടെ പ്രഖ്യാപനത്തിന് മുന്‍പാണ് അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍, സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനായി ബെന്നറ്റ് എബ്രഹാം കോഴ നല്‍കിയതായി സി.പി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ള പശ്ചാത്തലത്തില്‍ ബേബിയുടെ അഭിമുഖം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. കൊല്ലം ലോകസഭാ മണ്ഡലത്തില്‍ പരാജയപ്പെട്ട ശേഷം തന്റെ നിയമസഭാംഗത്വം രാജിവെക്കാന്‍ ബേബി സന്നദ്ധത പ്രകടിപ്പിച്ചത് നേരത്തെ സി.പി.ഐ.എം തള്ളിയിരുന്നു. ഈ പശ്ചാത്തലവും ബേബിയുടെ അഭിപ്രായത്തെ ശ്രദ്ധേയമാക്കുന്നു.
സി.പി.ഐ.എം സ്വതന്ത്രനായി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എറണാകുളം ലോകസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയായത് എങ്ങനെയെന്ന് ഇപ്പോഴും അവ്യക്തമെന്ന് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് വാര്‍ത്താചാനലുകളോട് പ്രതികരിച്ചു. ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ഥിയായതിന് പിന്നില്‍ പലകഥകളുമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയുന്നില്ലെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.