ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ തോല്‍വി അന്വേഷിച്ച മൂന്നംഗ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്ത സി.പി.ഐ സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ ഉള്‍പ്പടെ മൂന്ന്‍ പ്രമുഖ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി നിര്‍ദ്ദേശം. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ സി.എം.ഡി ആയ പി. രാമചന്ദ്രൻ നായർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരാണ് നടപടി നേരിടുന്ന മറ്റുള്ളവര്‍.
തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ചുമതല ഉണ്ടായിരുന്ന സി. ദിവാകരനെ സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ നിന്ന്‍ സംസ്ഥാന കൗണ്‍സിലിലേക്ക് തരം താഴ്ത്താനാണ് നിര്‍ദ്ദേശം. സി.പി.ഐ നിയമസഭാ കക്ഷി നേതാവാണ് മുന്‍മന്ത്രി കൂടിയായ സി. ദിവാകരന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന രാമചന്ദ്രന്‍ നായരേയും ജില്ലാ സെക്രട്ടറി ആയിരുന്ന വെഞ്ഞാറമൂട് ശശിയേയും സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. രാമചന്ദ്രന്‍ നായരെ ജനയുഗത്തിന്റെ ചുമതലകളില്‍ നിന്നും വെഞ്ഞാറമൂട് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കും.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഈ നടപടി പാര്‍ട്ടിയില്‍ വിഭാഗീയതയുടെ തുടക്കമാണെന്നും നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷം രാമചന്ദ്രന്‍ നായര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി വിടുന്ന കാര്യം ആലോചിക്കുകയാണെന്ന് വെഞ്ഞാറമൂട് ശശി പ്രതികരിച്ചു.
സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍ ഡോ. ബെന്നറ്റ് എബ്രഹാം സ്ഥാനാർത്ഥിത്വത്തിനായി ഒരു കോടി രൂപ നല്‍കിയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാത്ത നടപടികളാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും വേണ്ടത്ര ആലോചനയില്ലാതെയാണ് പാര്‍ട്ടി അംഗം പോലും അല്ലാതിരുന്നയാളെ ധൃതിപിടിച്ച് അംഗത്വം നല്‍കി സ്ഥാനാര്‍ഥിയാക്കിയതെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ജില്ലാ നേതൃത്വം സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടും പുന:പരിശോധനയ്ക്ക് തയ്യാറായില്ലെന്നും സംസ്ഥാന നേതൃത്വത്തിനും സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വീഴ്ചപറ്റിയെന്നും കമ്മീഷന്‍ പറയുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പി.കെ. കൃഷ്ണന്‍, പി.തിലോത്തമന്‍ എം.എല്‍.എ, പത്തനംതിട്ട ജില്ലാ സെക്രട്ടറി പി. പ്രസാദ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.