രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് 950 കോടി രൂപയുടെ വായ്പ അനുവദിച്ച ഐ.ഡി.ബി.ഐ ബാങ്കിന്റെ നടപടി സി.ബി.ഐ അന്വേഷിക്കുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ അറ്റ മൂല്യവും വായ്പാ റേറ്റിങ്ങുമാണ് വിപരീതത്തില്‍ ആയിരുന്നപ്പോഴാണ് ബാങ്ക് വായ്പ നല്‍കിയത്.
മദ്യവ്യവസായി വിജയ് മല്യയുടെ സ്ഥാപനത്തിന് നേരത്തെ വായ്പ നല്കിയ ബാങ്കുകള്‍ അത് തിരിച്ചുപിടിക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഐ.ഡി.ബി.ഐ ബാങ്ക് പ്രത്യേകമായി പുതിയ വായ്പ നല്‍കിയത്.
സംഭവത്തില്‍ ബാങ്ക് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വായ്പ അനുവദിച്ചതില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും വിജയ് മല്യയുടെ പങ്കും സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ശേഷം സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
ഐ.ഡി.ബി.ഐ ബാങ്കിന്റെ 2009-ലെ ഒരു ആഭ്യന്തര റിപ്പോര്‍ട്ടും കിംഗ്ഫിഷറിന് വായ്പ നല്‍കുന്നതിന് എതിരായിരുന്നു. ഇത് മറികടന്നാണ് വായ്പ അനുവദിച്ചത്.
14 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തിന് ഏകദേശം 12,000 കോടി രൂപയുടെ കടമാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വീട്ടാനുള്ളത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ 1500 കോടി രൂപയുടെ വായ്പ സംബന്ധിച്ചും സി.ബി.ഐ ബാങ്കിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര കണക്കുപരിശോധനതക് ശേഷം ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്.